Friday, January 1, 2010

എന്റെ വേറൊരച്ചന്റെ..........

‘ഡാഡി-മമ്മി’ പൊങ്ങച്ച വിളികൾക്ക് ഇപ്പോൾ ആരാധകർ തീരെ കുറവാണെങ്കിലും
‘സായിപ്പു മോഡൽ’ പള്ളിക്കൂടങ്ങളുടെ ആരാധകർക്ക് എണ്ണത്തിൽ ഒട്ടും കുറവു വന്നിട്ടില്ല എന്നു മാത്രമല്ല ഏറെ വർധനവു നേടിയിട്ടുമുണ്ട്. തന്മൂലം ‘കുരച്ചു കുരച്ചു മലയാലം പരയുന്ന’ വൌവ്വാലുകളുടെ എണ്ണം നാട്ടിലും ചാനലുകളിലും വല്ലാതെ കൂടിയിട്ടുമുണ്ട്.

ഞാനിങ്ങനെ പറയുമ്പോൾ നിങ്ങൾക്കു സംശയിക്കാം- ‘ഇവർക്കൊക്കെ മീശ കുരുത്താൽ പാട്ടോളിക്കെന്താ ഗുണം?’ ഒന്നുമുണ്ടായിട്ടല്ല; പക്ഷിയും മൃഗവുമല്ലാത്ത ഇതുങ്ങളെക്കൊണ്ടുണ്ടാകുന്ന സാമൂഹിക വിപത്തുകൾ ഓർത്തുള്ള ഉത്കണ്ഠ; അത്രേയുള്ളു !
ഒരു ചെറിയ ഉദാഹരണമാണ് ഇതിന്റെ തലക്കെട്ട്; ഇനി കഥ വിവരിക്കാം........

പാട്ടോളിക്കുടുംബത്തിൽ സഹോദരങ്ങൾ പത്തു പേർ; എല്ലാവർമായി മക്കൾ 19 എണ്ണം മാത്രം. അഖിലേന്ത്യാ തലത്തിൽ വളർന്ന ഒരു കുടുംബമായതിനാൽ 19 പേർ പഠിച്ചത് 38 സ്ഥലങ്ങളിലായാണ്. അതിനാൽത്തന്നെ മേൽ വിവരിച്ച ഇനം വൌവ്വാലുകളുടെ എണ്ണം വണ്ണത്തിൽ ഗണ്യം !!

അങ്ങിനെയിരിക്കെ, ഒരു കുടുംബസംഗമത്തിന്റെ ഭാഗമായി, ഞങ്ങൾ മൂത്ത ചേട്ടന്റെ ആവാസകേന്ദ്രമായ തിരുവന്തോരത്ത് സമ്മേളിക്കുന്നു. അവിടെനിന്നും എന്നെയും എന്റെ അച്ഛന്റെ നേരേ മൂത്ത സഹോദരന്റെ മകനെയും നഗരി കാണിക്കാനായി കൊണ്ടുപോയത് ഏറ്റവും മൂത്ത സഹോദരന്റെ മകൻ. അദ്ദേഹമാണെങ്കിൽ പ്രഗത്ഭനും പ്രതിഭാധനനുമായ ഒരു കേസില്ലാ വക്കീൽ; സ്ഥലത്തെ പ്രധാന പയ്യൻസ്; സർവ്വോപരി, ബോംബയിൽ വളർന്ന നല്ലയിനം വൌവ്വാൽ !!

ഈ നഗരികാണിക്കലിന്റെ ഒന്നാം ഘട്ടം അവസാനിച്ചത് അദ്ദേഹത്തിന്റെ വിപുലമായ സുഹൃദ്‌വലയത്തിന്റെ സംഗമസ്ഥാനമായ ഒരു ‘മാള’ത്തിൽ. ചെന്നപാടേ തന്റെ സ്വതസിദ്ധമായ ശൈലിയിൽ അദ്യം ഞങ്ങളെ ചെങ്ങാതിമാർക്ക് പരിചയപ്പെടുത്തി:
“ടേയ്, നാട്ടീന്നു വന്ന എന്റെ അന്യന്മാരാണ്, കേട്ടാ ! യവൻ അജയൻ, എന്റെ ഒരച്ചന്റെ അന്യന്റെ മകൻ !! യവൻ പപ്പൻ, എന്റെ വേറൊരച്ചന്റെ അന്യന്റെ മകൻ !!!”

ഞെട്ടിത്തെറിച്ച ഞാൻ നീണ്ടുവന്ന കണ്ണുകൾക്കു മുന്നിൽ ആദ്യം ദഹിച്ചു ! പിന്നീടുയർന്ന കൂട്ടച്ചിരികൾക്കിടയിൽ ഭൂമിയിലേക്കു താഴ്ന്നു !! ‘ഒരു’വിനു വന്ന സ്ഥാനമാറ്റം എത്ര ഭീകരം....
നിങ്ങൾ പറയൂ, ഇതൊരു സാമൂഹിക വിപത്തല്ലേ ??

Thursday, December 31, 2009

പുതുവർഷാശംസകൾ..........


കാലമിനിയുമുരുളും,
വിഷു വരും ,വര്‍ഷം വരും,
പിന്നെയോരോ തളിരിനും ,
പൂ വരും കായ് വരും....